മനോരമ ഓൺലൈൻ – ജോയ് ആലുക്കാസ് മിസ് മില്ലേനിയൽ: മരിയ ഫ്രാൻസിസിനു കിരീടം

മനോരമ ഓൺലൈൻ – ജോയ് ആലുക്കാസ് മിസ് മില്ലേനിയൽ: മരിയ ഫ്രാൻസിസിനു കിരീടം കൊച്ചി∙ അഴകും ബുദ്ധിയും അളവുരച്ച വേദിയിൽ മരിയ ഫ്രാൻസിസിനു മിസ് മില്ലേനിയൽ കിരീടം. താരപ്പൊലിമയും അഴകിന്റെ റാണിമാരും സംഗമിച്ച േവദിയിൽ തെന്നിന്ത്യൻ താരറാണി തമന്ന ഭാട്യയാണു മിസ് മില്ലേനിയലിനു കിരീടം ചാർത്തിയത്. മനോരമ ഓൺലൈനും ‍‍‍‍ജോയ് ആലുക്കാസും ചേർന്നു സംഘടിപ്പിച്ച മിസ് മില്ലേനിയൽ മൽസരത്തിൽ 21 സുന്ദരിമാരാണ് അഴകിന്റെയും ബുദ്ധിയുടെയും മാറ്റുരച്ചത്. റാംപ് വോക്, ചോ‍ദ്യോത്തര സെഷൻ, ഇൻഡോ - വെസ്റ്റേൺ ലഹങ്ക എന്നിങ്ങനെ നിരവധി റൗണ്ടുകള്‍ക്കൊടുവിലാണു മില്ലേനിയൽ സുന്ദരിയെ തിരഞ്ഞെടുത്തത്. അർച്ചനാ രവി ഫസ്റ്റ് റണ്ണറപ്പും നിത്യ എൽസ ചെറിയാൻ സെക്കന്റ് റണ്ണറപ്പും ആയി തിരഞ്ഞെടുക്കപ്പെട്ടു. ഐശ്വര്യ അടുകാടൻ (വിവോ മിസ് മൾട്ടിമീഡിയ), അനുഷ്ക ജയരാജ് ( ഹെയർഫെയർ മിസ് ബ്യൂട്ടിഫുൾ ഹെയർ), അർച്ചന രവി (ഹെയർ ഫെയർ മിസ് ഗ്ലോയിങ് സ്കിൻ), റിനി ബാബു (മനോരമ ഓൺലൈൻ മിസ് ഫോട്ടോജെനിക്) നമിത നവകുമാർ (ഫെഡറൽ ബാങ്ക് മിസ് ടാലന്റഡ്), മരിയ ഫ്രാൻസിസ് (മിസ് പോസിറ്റീവ്) എന്നിവർ സബ്ടൈറ്റിൽ പുരസ്കാരങ്ങളും സ്വന്തമാക്കി.

സമഗ്ര കവറേജ്: Miss Millennial

അശ്വതി ഹരികുമാർ, നമിത നവകുമാർ, റിനി ബാബു, മീനാക്ഷി ആർ, നയൻതാര എം., മരിയ ഫ്രാൻസിസ്, ഐശ്വര്യ അടുകാടൻ, വൈഷ്ണവി മഹേഷ്, അനുഷ്ക ജയരാജ്, നസ്‌ലി മിർസ ഹുസൈൻ, അലീന എബ്രഹാം, മെർലിൻ സൂസൻ അനി, സിൻഡ പെർസി, ഡോ. മോനിഷ കൈലാസമംഗലം, അഞ്ജലി പ്രസാദ്, ദീപ തോമസ്, ഇഷാ രഞ്ജൻ, മെലിൻ സണ്ണി, അർച്ചന രവി, നിത്യ എൽസ ചെറിയാൻ, ഹഷ്ന .എം എന്നിവരായിരുന്നു മിസ് മില്ലേനിയൽ ഫൈനലിസ്റ്റുകൾ. മത്സരത്തിനായി റജിസ്റ്റർ ചെയ്ത ആയിരത്തിലധികം പേരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 75 പേരാണ് കൊച്ചിയിൽ അവസാന റൗണ്ടിലേക്കുള്ള മത്സരത്തിൽ പങ്കെടുത്തത്. ഇവരിൽനിന്നാണു 21പേർ മിസ് മില്ലേനിയൽ ഫൈനൽ മൽസരത്തിൽ മാറ്റുരച്ചത്. ഫെഡറൽ ബാങ്കായിരുന്നു സഹ സ്പോൺസർ. ഹെയർ ഫെയർ ഹെയർ ആൻഡ് സ്കിൻ പാർട്നറും വിവോ മൊബൈൽ പാർട്നറുമായിരുന്നു.

മിസ് മില്ലേനിയൽ സൗന്ദര്യ മൽസരത്തിൽ ഒന്നാം സമ്മാനം നേടിയ സുന്ദരിക്ക് ഒരു ലക്ഷം രൂപയാണു സമ്മാനം. രണ്ടാം സമ്മാനം അൻപതിനായിരം രൂപയും മൂന്നാം സമ്മാനം ഇരുപത്തയ്യായിരം രൂപയും. നടിയും മോഡലുമായ പാർവതി ഓമനക്കുട്ടൻ, നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്, സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ, ഡിസൈനർ ശ്രീജിത് ജീവൻ, സോണിയ ആലുക്കാസ് (ഡയറക്ടർ, ആലുക്കാസ് ഗ്രൂപ്പ്), ജോസ് വി ജോസഫ് (എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്) തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. ഫാഷൻ രംഗത്തെ പ്രശസ്ത വ്യക്തികളുമായും സെലിബ്രിറ്റികളുമായും അടുത്തിടപഴകാനും ഗ്രൂമിങ് സെക്ഷനുകളിൽ പങ്കെടുക്കാനുള്ള അവസരവും മൽസരാർഥികൾക്കു ലഭിച്ചിരുന്നു.

സബ് ടൈറ്റിൽ പുരസ്കാര വിജയികളെ അറിയാം

∙ഐശ്വര്യ അടുകാടൻ (വിവോ മിസ് മൾട്ടിമീഡിയ) മുംബൈയിൽ താമസിക്കുന്ന മലയാളി പെൺകുട്ടി. കണ്ണൂരാണ് സ്വദേശം. വ്യായാമത്തിലൂടെയും മെഡിറ്റേഷനിലൂടെയും സൗന്ദര്യം സ്വന്തമാക്കാമെന്ന് ഐശ്വര്യ വിശ്വസിക്കുന്നു. നിഫ്റ്റിൽ മാസ്റ്റേഴ്സ് ചെയ്യുന്നു.

∙അനുഷ്ക ജയരാജ് (ഹെയർഫെയർ മിസ് ബ്യൂട്ടിഫുൾ ഹെയർ) ബികോം വിദ്യാർത്ഥിനി. സൗന്ദര്യം വ്യക്തിത്വത്തിലാണെന്ന് ആത്മ നിരീക്ഷണം. ഇടതൂർന്ന മുടി അതേ പടി സംരക്ഷിക്കുന്നതിൽ മിടുക്കിയാണ്.

∙അർച്ചന രവി (ഹെയർ ഫെയർ മിസ് ഗ്ലോയിങ് സ്കിൻ) മോഡലിങ്ങിലും അഭിനയത്തിലും താത്പര്യം. ഒമ്പതോളം ബ്യൂട്ടി പെജന്റുകളില്‍ റണ്ണറപ്പായ അർച്ചന സാഹിത്യ ബിരുദധാരി കൂടിയാണ്. 

∙റിനി ബാബു (മനോരമ ഓൺലൈൻ മിസ് ഫോട്ടോജെനിക്) ബെംഗളൂരുവില്‍ ഇ-കോമേഴ്സ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. റാംപ് വാക്കിങ്ങും മോഡലിങ്ങും ചെയ്യുന്നത് ആദ്യമായി. ആലപ്പുഴ സ്വദേശിയാണ്.

∙നമിത നവകുമാർ (ഫെഡറൽ ബാങ്ക് മിസ് ടാലന്റഡ്) സ്കൂൾ പഠന കാലം മുതൽ നൃത്തവേദികളിൽ സജീവം. ബ്യൂട്ടിപെജന്റിൽ പങ്കെടുക്കുന്നത് ആദ്യമായാണ്.

∙മരിയ ഫ്രാൻസിസ് (മിസ് പോസിറ്റീവ്) തനിക്കു സൗന്ദര്യമുണ്ടെങ്കിൽ അതു ദൈവം തന്നതാണെന്നു മരിയയുടെ വിശ്വാസം. നാച്ചുറൽ സൗന്ദര്യത്തോടു താത്പര്യമുള്ളതിനാൽ മേക്കപ്പ് ആവശ്യമില്ലെന്ന വേറിട്ട ചിന്തയും മരിയ പങ്കുവയ്ക്കുന്നു.

© Copyright 2017 Manoramaonline. All rights reserved....